ജൽ ജീവൻ മിഷൻ : ആദ്യ ഗഡു തുക പകുതിയിലേറെയും കേരളം ചെലവാക്കിയില്ല; രണ്ടാം ഗഡു തുക റിലീസ് ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി ലോക്സഭയില്‍

Jaihind News Bureau
Thursday, February 6, 2020

ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2019-20 ൽ കേരളത്തിന്‌ 101.29 കോടി രൂപ അനുവദിച്ചതിൽ 78.44 കോടിയും ചെലവഴിക്കാത്തതിനാൽ രണ്ടാം ഗഡു തുക റിലീസ് ചെയ്യാൻ കഴിയില്ലെന്ന് ജൽ ശക്തി വകുപ്പ് സഹമന്ത്രി രത്തൻ ലാൽ കഠാരിയ ലോക്സഭയിൽ അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടി നൽകി.

248.76 കോടി രൂപയാണ് സംസ്ഥാനത്തിന് നീക്കി വച്ചിരുന്നത്. എന്നാൽ പദ്ധതി നടത്തിപ്പിലെ കാലതാമസവും തുക വിനിയോഗത്തിലെ വീഴ്ചയും കാരണം രണ്ടാം ഗഡുവിനുള്ള പ്രൊപോസൽ ഇതുവരെ സംസ്ഥാനം നൽകിയിട്ടില്ല.

കേരളത്തിലെ 9 പ്രളയബാധിത ജില്ലകൾക്കായി പദ്ധതിയുടെ കേന്ദ്ര സംസ്ഥാന വിഹിതം 90-10 അനുപാതത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപെട്ടിരുന്നു. അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് വിഹിതം അനുവദിക്കുന്നതെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മറുപടിയിൽ വ്യക്‌തമാക്കി.