തെളിവില്ല; വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണമവസാനിപ്പിക്കാന്‍ പോലീസ്

പത്തനംതിട്ട: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെയായ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്. തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്‍റെ  വിവാദ പരാമര്‍ശമുണ്ടായത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്‍റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും സജി ചെറിയാന്‍ പറയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നത്. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമ‍ര്‍ശം. ഈ പരിപാടി തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രി പദവി രാജിവച്ചിരുന്നു.

അതേസമയം പോലീസ് നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന്  പരാതിക്കാരിലൊരാളായ മുന്‍ എംഎല്‍എ ജോസഫ് എം പുതിശ്ശേരി പറഞ്ഞു.

 

Comments (0)
Add Comment