കുടിവെള്ള ക്ഷാമം രൂക്ഷം ; ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറെ ഉപരോധിച്ചു

Jaihind News Bureau
Friday, March 5, 2021

കൊച്ചി : എറണാകുളം നഗരത്തിലും സമീപമുള്ള ചേരാനല്ലൂർ പഞ്ചായത്തിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറെ ഉപരോധിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, ചേരാനല്ലൂർ-എളംകുന്നപ്പുഴ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

ഒരു മാസത്തിലേറയായി ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ പ്രത്യക്ഷ സമരവുമായി രംഗത്ത് ഇറങ്ങിയത്. കഴിഞ്ഞ മാസം ഒൻപതിന് ടി.ജെ വിനോദ് എംഎല്‍എയുടെയും ചേരാനല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ എറണാകുളം ഡിവിഷൻ വാട്ടർ അതോറിട്ടി ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ അന്ന് നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് ഇന്നലെ പ്രതിഷേധവുമായി വീണ്ടും എത്തിയതെന്ന് എം.എൽ.എ പറഞ്ഞു.

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് ഹൈബി ഈഡൻ എം.പി വ്യക്തമാക്കി. ചേരാനല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൈകിട്ട് അഞ്ച് മണി വരെ ഉപരോധം തുടർന്നു. തുടർന്ന് എം.എൽ.എ ഇടപെട്ട് ഉദ്യോഗസ്ഥരുമായുണ്ടാക്കിയ രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേഷ്, എളംകുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രസികല പ്രിയരാജ് ജനപ്രതിനിധികളായ ആരിഫ മുഹമ്മദ്, ഷിമ്മി ഫ്രാൻസിസ്, ഷീജ കെ.പി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.