ന്യൂഡൽഹി : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ വിദേശ താരങ്ങളുള്‍പ്പെടെ നിരവധി പേർ എത്തിയതിനെതിരെ സെലിബ്രിറ്റികളെ ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. കേന്ദ്രത്തിന്‍റെ പിടിവാശിയും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തിന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകള്‍ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നത് ലജ്ജാകരമാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെർഗ് തുടങ്ങിയവര്‍ കര്‍ഷകസമരത്തെ പിന്തുണച്ചതിന് പിന്നാലെ ഇത് രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് കേന്ദ്രം രംഗത്തെത്തിയിരുന്നു. പിന്നാലെ ‘ഇന്ത്യ ഒരുമിച്ച്’ എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ചില ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അണിനിരന്നു. ഈ നീക്കത്തെ ലജ്ജാകരമെന്നാണ് തരൂർ വിശേഷിപ്പിച്ചത്..
‘കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുമായി പരിഹാരമാർഗങ്ങള്‍ ചര്‍ച്ച ചെയ്യാനും കേന്ദ്രം തയാറായാല്‍ ഇന്ത്യയെ ഒരുമിച്ച് നിങ്ങള്‍ക്ക് ലഭിക്കും.’ – ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റം കൊണ്ടും ധാർഷ്ട്യം കൊണ്ടും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ്ക്ക് സംഭവിച്ച നാശം ഒരു ക്രിക്കറ്റ് താരത്തിന്‍റെയും ട്വീറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ലെന്നും ശശി തരൂർ ട്വിറ്ററില്‍ കുറിച്ചു.
‘നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത്?’– എന്ന തലക്കെട്ടില്‍ പോപ്പ് ഗായിക റിഹാനയുടെ ട്വിറ്റർ പോസ്റ്റോടെയാണ്എതിർ നീക്കങ്ങള്‍ക്ക് കേന്ദ്രം തുടക്കമിട്ടത്. റിഹാനക്കെതിരെ ബോളിവുഡ് നടി കങ്കണ റനൗട്ട് രംഗത്തെത്തി. റിയാന പങ്കുവെച്ച വാർത്ത ഏറ്റുപിടിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചു. ഇതോടെ, റിയാന, ഗ്രേറ്റ എന്നിവർക്കെതിരെ കേന്ദ്ര മന്ത്രിമാരും ബോളിവുഡ്, കായിക താരങ്ങളും രംഗത്തെത്തുകയായിരുന്നു. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. രൂക്ഷവിമർശനമാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരിടേണ്ടിവന്നത്.