‘നാളത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല ; രക്ഷിതാക്കള്‍ കൂട്ടംകൂടരുത്’

Jaihind Webdesk
Friday, April 23, 2021


തിരുവനന്തപുരം : നാളത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക്  മാറ്റമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളെ പരീക്ഷയെഴുതാൻ കൊണ്ടു‌വരുന്ന രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തിൽ കൂട്ടം കൂടി നില്‍ക്കാതെ മടങ്ങണമെന്നും പരീക്ഷ കഴിയുമ്പോള്‍ തിരിച്ചെത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

“വായുമാർഗ്ഗം കോവിഡ് പകരാൻ സാധ്യത കൂടിയെന്ന് പഠനമുണ്ട്. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഉള്ള മൈക്രോഡ്രോപ്ലെറ്റ്സ് വായുവിൽ തങ്ങി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തിച്ചേരും. മാസ്കുകൾ കർശനമായി ധരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം കാണിക്കുന്നത്”. അടഞ്ഞമുറിയിൽ ഇരിക്കുന്നതും എസിഹാളും വലിയ രീതിയിൽ രോഗവ്യാപന സാധ്യതയുള്ള ഇടമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാ സൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.