ഡോ. വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പ്രതിയുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി

 

കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ പോലീസിന് വീഴ്ചയുണ്ടായി എന്നല്ലാതെ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് ആരോപണമില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണ് കോടതി ഉത്തരവ്. പ്രതി ജി. സന്ദീപിന്‍റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനയുടെ കൊലപാതകത്തില്‍ നിലവിലുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്. സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേൾക്കാൻ തയാറാണെന്നുമായിരുന്നു സർക്കാർ നിലപാട്.

2023 മേയ് 10-ന് രാത്രി മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നും കുടുംബത്തിന് പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.

Comments (0)
Add Comment