കെ റെയിലിന്‍റേത് തട്ടിക്കൂട്ട് ഡിപിആറെന്ന് തെളിഞ്ഞു; എല്‍ഡിഎഫിന്‍റേത് ജനവഞ്ചനയെന്ന് കെ മുരളീധരന്‍ എംപി

Jaihind Webdesk
Wednesday, February 2, 2022

കേന്ദ്ര അനുമതിയിൽ തട്ടി കെ റെയിൽ വീഴുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയ്ക്ക് കേരളം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കെ. മുരളീധരൻ, എൻ.കെ പ്രേമചന്ദ്രൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ പദ്ധതി രേഖ കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ കെ റെയിലിലേത് തട്ടിക്കൂട്ട് ഡിപിആറാണെന്ന് തെളിഞ്ഞതായി കെ മുരളീധരന്‍ എംപി പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന് 49% വും കേരളത്തിന് 51% വും ഓഹരി പങ്കാളിത്തമുള്ള കെ റെയിൽ ആണ് പദ്ധതിയുടെ നടത്തിപ്പുകാർ. 63, 943 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ. ഈ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ  സാമ്പത്തിക -സാങ്കേതിക അനുമതി ആവശ്യമാണ്. 33, 700 കോടി രൂപയുടെ വായ്പ പദ്ധതിക്കായി ജപ്പാൻ ഇന്‍റർനാഷണൽ കോഓപ്പറേഷൻ ഏജൻസി, ഏഷ്യൻ ഡെവലപ്പ്മെന്‍റ് ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കുന്നുമുണ്ട്. പദ്ധതിയുടെ ഡിപി ആർ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക സാധ്യതയെ കുറിച്ച് അതിൽ വിശദീകരണമില്ല. വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ റെയിനോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സാധ്യതകളും ഉറപ്പാക്കേണ്ടതുണ്ട്.

കേരള സർക്കാർ സാമൂഹ്യ ആഘാത പഠനത്തിന് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടേയുള്ളൂ. പദ്ധതി ഇതു വരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. സാങ്കേതിക – സാമ്പത്തിക സാധ്യതാ പഠനത്തിന് ശേഷമേ അംഗീകാരം നൽകൂവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.