‘അപകീർത്തി കേസില്‍ മാപ്പ് പറയില്ല’; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച  രാഹുലിന്‍റെ ഹർജി കോടതി പരിഗണിക്കും.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീർത്തി കേസ് വന്നത്. ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വന്നതെങ്ങനെ?’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശമാണ് കേസിന് ആധാരം. ബിജെപി നേതാവായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി  കേസിൽ രാഹുലിനെ രണ്ടുവർഷം തടവു ശിക്ഷ വിധിച്ചിരുന്നു.  നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തു. സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

Comments (0)
Add Comment