ശബരിമലയിലെ യുവതീപ്രവേശം: വിവാദ പരാമർശം നടത്തിയ നടൻ കൊല്ലം തുളസിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Jaihind Webdesk
Thursday, January 10, 2019

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സുപ്രീം കോടതി വിധിയെത്തുടർന്ന് വിവാദ പ്രസ്താവന നടത്തിയ നടൻ കൊല്ലം തുളസിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. രാഷ്ട്രീയ പ്രസംഗം മാത്രമായി പരാമർശത്തെ കാണാനാവില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. നടന്‍റേത് വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരാമർശമായിരുന്നുവെന്നും കൊല്ലം തുളസി അന്വേഷണ ഉദ്യോസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളുടെ കാലിൽ പിടിച്ചു വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറുഭാഗം വിധി പറഞ്ഞ ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു നടന്‍റെ പ്രസ്താവന. ഇതേത്തുടർന്ന് മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ചവറ പൊലീസാണ് നടനെതിരെ കേസെടുത്തത്. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിൽ നടത്തിയ പരാമർശമായിരുന്നു പരാതിക്ക് ആധാരം. അന്നത്തെ സാഹചര്യത്തിൽ വികാരപരമായി പ്രസംഗിച്ചതാണെന്നും ഉടൻ മാപ്പ് പറഞ്ഞെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞിരുന്നു.

തുടർന്ന് വനിതാ കമ്മീഷൻ ഇതുസംബന്ധിച്ച് നടപടികളിലേക്ക് കടന്നപ്പോൾ കൊല്ലം തുളസി നേരിട്ടെത്തി മാപ്പപേക്ഷ നൽകുകയായിരുന്നു. പ്രസ്താവനയിൽ ഖേദിക്കുന്നതായി കൊല്ലം തുളസി പിന്നീട് പറഞ്ഞിരുന്നു. മാപ്പപേക്ഷ നൽകിയെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു കമ്മിഷന്റെ തീരുമാനം. ജാമ്യാപേക്ഷ തള്ളിയതോടെ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്യാമെങ്കിലും തുടർനടപടികളെപ്പറ്റി പൊലീസ് തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.