ഇ-മൊബിലിറ്റി അഴിമതിയിൽ കൂടുതൽ തെളിവ്; സ്വിസ് കമ്പനിക്ക് കരാർ ലഭിക്കാൻ ചീഫ് സെക്രട്ടറി ഇടപെട്ടെന്ന് ആർഎസ്പി; മന്ത്രിയെ ഫയൽ കാണിക്കാതെ ട്രാൻസ്‌പോർട്ട് സെക്രട്ടറി ഒപ്പുവെച്ചത് എത് റൂൾസ് ഓഫ് ബിസിനസ് പ്രകാരമെന്ന് എൻ.കെ പ്രേമചന്ദ്രൻ

Jaihind News Bureau
Sunday, July 5, 2020

ബഹുരാഷ്ട്ര കുത്തക കമ്പനികളോടുള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും അമിത വിധേയത്വത്തിന്‍റെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണമാണ് സ്വിറ്റ്സർലന്‍ഡ് ആസ്ഥാനമായുള്ള ഹെസ്സ് കമ്പനിയുമായുള്ള ഇ-ബസ് ഇടപാടെന്ന് ആർഎസ്പി സംസ്ഥാന നേതൃത്വം. സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ക്രോണി ക്യാപിറ്റലിസത്തിന്‍റെ വക്താവായി മാറിയെന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അന്തകനായി കേരളത്തിലെ മുഖ്യമന്ത്രിയും സർക്കാരും മാറിയതായും ആർഎസ്പി നേതക്കൾ തിരുവനന്തപുരത്ത് ആരോപിച്ചു.

ഹെസ്സ് കമ്പനിയുടെ ഈ ബസ് ഇടപാടിലെയും പിഡബ്ല്യുസി കണ്‍സള്‍ട്ടന്‍സി നിയമനത്തിലും അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്പ്രിംങ്ക്ളർ ഡേറ്റാ കച്ചവടത്തിന് സമാനമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഐടി സെക്രട്ടറിയാണ് ഹെസ്സ് കമ്പനിയുടെ ഫയലും ഇനിഷ്യേറ്റ് ചെയ്തത്. ഐ ടി വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയൽ ആരംഭിച്ച സ്വിസ്കമ്പനിയായ ഹെസ്സിന്‍റെ വാണിജ്യ താല്പര്യം ഉറപ്പിച്ച് നയരൂപീകരണം നടത്താൻ നടപടികൾ സ്വീകരിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എൻ കെ പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു.

ഹെസ്സ് കമ്പനിക്ക് തന്നെ കരാർ കൊടുക്കാൻ കരുക്കൾ നീക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഫയലിൽ വിയോജിപ്പും സംശയവും പ്രകടിപ്പിച്ച ധനമന്ത്രിയും വകുപ്പ് മന്ത്രിയെ ക്ഷണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് സംസ്ഥാന താല്‍പര്യം തമസ്കരിച്ച് കരാർ നൽകാനുള്ള നീക്കമാണ് നടന്നത്. ഈ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങണം. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ പ്രഖ്യാപിത നയങ്ങൾക്കെതിരായി നടപടികൾ സ്വീകരിക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് സിപിഎം കേന്ദ്രനേതൃത്വം മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ പാലിച്ച് അന്താരാഷ്ട്ര കമ്പനികൾ വന്നാൽ വികസനത്തിന് തങ്ങൾ എതിരല്ല എന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയത്തിന് അന്തകനായി കേരളത്തിലെ മുഖ്യമന്ത്രിയും സർക്കാരും മാറിയതായും ആർഎസ്പി ആരോപിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിന്‍റെ നടപടി കുറിപ്പുകൾ സഹിതം ഫയൽ തനിക്ക് നൽകണമെന്ന് ഗതാഗതമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിട്ടും മന്ത്രിക്ക് ഫയൽ നൽകാതെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഏകപക്ഷീയമായി ഉത്തരവിറക്കിയ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ നടപടി നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണ്. കെഎഎൽ എന്ന കമ്പനി സ്വിസ് ചലഞ്ചിൽ പങ്കെടുമ്പോൾ വ്യവസായ വകുപ്പ് ഫയലുകൾ പരിശോധിച്ചിരുന്നോ എന്നത് വ്യവസായമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട് എന്നും നേതൃത്വം വ്യക്തമാക്കി