കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം പൊലീസിന് കൈമാറിയത് ദുരുദ്ദേശപരമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

Jaihind News Bureau
Tuesday, August 4, 2020

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ആരോഗ്യ വകുപ്പില്‍ നിന്നും മുഖ്യമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ എത്തിക്കുവാന്‍ പോലീസിനെ കൈമാറിയത് ദുരുദ്ദേശപരമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. ആരോഗ്യ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാതെയുളള സര്‍ക്കാര്‍ നിലപാട് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വിവിധ വകുപ്പുകളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പില്‍ കൊണ്ടു വന്ന് നടത്തിയ ക്രമക്കേടുകളും അഴിമതിയും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോവിഡിന്‍റെ മറവില്‍ മൗലികാവകാശങ്ങളെ ധ്വംസിക്കുവാനുളള മുന്‍ക്കൂട്ടിയുളള തീരുമാനമാണ് ആരോഗ്യ വകുപ്പില്‍ നിന്നും ആഭ്യന്തര വകുപ്പിലേയ്ക്കുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം.

ജനങ്ങളുടെ നിത്യജീവിതത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെ പൂന്തുറയില്‍ ആയുധ ധാരികളായ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ തിക്ത ഫലങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊളളുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആരോഗ്യ വകുപ്പില്‍ അലംഭാവം ആരോപിച്ച് അധികാരം ആഭ്യന്തര വകുപ്പിലേയ്ക്ക് കവര്‍ന്നെടുക്കുന്നത് ഭരണപരാജയം മറച്ചുവയ്ക്കാനനുളള അടവു നയമാണ്. സര്‍ക്കാര്‍ വസ്തുതാപരമായ വിഷങ്ങളെ വിലയിരുത്തി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കോവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളേജുകളും ഇതര ആശുപത്രികളും രോഗവ്യാപനത്തിന്‍റെ ക്ലസ്റ്ററുകള്‍ ആയി മാറുന്നതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. രോഗികളുമായി നേരിട്ട് ബന്ധമുളള (്പ്രൈമറി കോണ്‍ടാക്ട്) ഡോക്ടറന്മാര്‍ നേഴ്സുമാര്‍ ഇതര ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുപോലും കോവിഡ് പരിശോധന നിര്‍ബന്ധമല്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗമുളള ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്താത്തെയുളള വീഴ്ച കൊണ്ട് രോഗവ്യാപനത്തിന് കാരണക്കാരാകുന്നു. പ്രാഥമികമായി ചെയ്യേണ്ട പരിശോധന പോലും നടത്തുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ പോലീസിനെ കൊണ്ട് രോഗപ്രതിരോധം നടത്താന്‍ കഴിയുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ നിഷ്പ്രഭമാക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.