ആരോടും നെറികേട് കാട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ വിലയിരുത്തും: എന്‍.കെ. പ്രേമചന്ദ്രന്‍

Jaihind Webdesk
Friday, April 5, 2019

മുഖ്യമന്ത്രി പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന് മറുപടിയുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആര്‍.എസ്.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മുന്നണി മാറിയത്. ആരോടും നെറികേട് കാട്ടിയിട്ടില്ല, പ്രസ്താവന ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രേമചന്ദ്രന്റെ മറുപടി.

നെറിയും നെറികേടും വേര്‍തിരിച്ച് അറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ആ വാക്കുകള്‍ അവര്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രിക്ക് പ്രേമചന്ദ്രന്‍ മറുപടി നല്‍കി. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി പദവിയിലിരുന്നുകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ ഇത്തരത്തില്‍ വിമര്‍ശിക്കരുതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

2014 ല്‍ കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത്. ഇടത് മുന്നണി വിട്ട് യുഡിഎഫിലെത്തിയതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചിരുന്നത്. പ്രേമചന്ദ്രനെ പിണറായി വിജയന്‍ മൂന്ന് പൊതുയോഗങ്ങളിലാണ് പരനാറി എന്നും പരമനാറിയെന്നും വിശേഷിപ്പിച്ചത്. വിവാദപരാമര്‍ശത്തിനെ കൊല്ലത്തെ വോട്ടര്‍മാര്‍ ശക്തമായ മറുപടിയാണ് അന്ന് എല്‍.ഡി.എഫിന് നല്‍കിയത്. ഇത്തവണയും മാറ്റമില്ലാതെ തുടരുന്ന വ്യക്തിയാധിക്ഷേപം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിപരീതഫലം ചെയ്യുമെന്ന് ഉറപ്പാണ്.