‘ശബരിമല സ്ത്രീപ്രവേശനത്തില്‍ കാണിച്ച ഉത്സാഹമെങ്കിലും ഈ കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിച്ചിട്ടുണ്ടോ?’; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി നിയാസ് ഭാരതി

Jaihind News Bureau
Thursday, May 7, 2020

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതി. കൊവിഡിനെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിയാസ് ഭാരതി ഒരുലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിനുണ്ടാകുന്ന സാമ്പത്തിക തിരിച്ചടി മുന്നിൽ കണ്ടു കൊണ്ട് യോജിച്ചു നിൽക്കേണ്ട സമയമാണെന്ന ധാരണയിലാണ് താന്‍ തുകകൈമാറിയതെന്ന് നിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയത്ത് പ്രതിപക്ഷത്തെ സഹകരിപ്പിക്കാതെയിരിക്കുന്നതും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈയ്യെടുക്കാത്തതും സര്‍ക്കാരിന്റെ പിടിപ്പുകേടല്ലെയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാന്യമായ ചില ചോദ്യങ്ങൾ പിണറായി സഖാവിനോടാണ്
തെറി വിളിയും തന്തയ്ക്ക് വിളിയുമായി സഖാക്കൾ വരരുത് .കാര്യങ്ങൾ ഉണ്ടെങ്കിൽ പറയാം .(എന്നെ അഭിനന്ദിച്ച ദേശാഭിമാനി കൂടെ ചേർത്തിട്ടുണ്ട് )

പ്രിയ പിണറായി സഖാവേ ,
സർക്കാർ തീരുമാനം വരും മുൻപ് കൊറോണ രോഗം മൂലമുണ്ടാക്കുന്ന സാമ്പത്തിക തകർച്ചയും ,നികുതി വരുമാന കുറവും കൊണ്ട് കേരളത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക തിരിച്ചടി മുന്നിൽ കണ്ടു കൊണ്ട് വിയോജിപ്പിന്റെ സമയം അല്ല ,യോജിച്ചു നിൽക്കേണ്ട സമയം ആണെന്ന ധാരണയിൽ ആണ് അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ വലിയ ‌ സമ്പന്നൻ ഒന്നും അല്ലെങ്കിലും എതിർ രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഞാൻ എന്നെ കൊണ്ട് സാധിക്കുന്ന പരമാവധി തുകയായ 100,000(ഒരു ലക്ഷം ) സംഭാവന ചെയ്തത് .അതും ഞാൻ വീട് നിർമ്മാണത്തിന് മാറ്റിവെച്ച തുകയിൽ നിന്ന് .എന്റെ പ്രസ്ഥാനത്തിൽ നിന്നും പലരും ചോദിച്ചു ,പ്രളയ സമയത്തു വെട്ടിപ്പ് നടത്തിയവരെ ഏൽപ്പിക്കാതെ ദുരിത ബാധിതരെ നേരിട്ട് സഹായിച്ചു കൂടെ എന്ന് .അവരോടെല്ലാം ഞാൻ പറഞ്ഞു ,ഇത് യോജിപ്പിന്റെ സമയമാണ് ,വിയോജിപ്പിൻറെ സമയമല്ല .സർക്കാരിനൊപ്പം പ്രതിപക്ഷം യോജിച്ചു നിന്ന് കൊറോണയ്ക്കെതിരെ പോരാടേണ്ട സമയമാണ് .

പക്ഷെ അതിനു ശേഷം അങ്ങയുടെ നയപരിപാടികളും പ്രഖ്യാപനങ്ങളും എന്നെ വളരെയേറെ വിഷമിപ്പിക്കുന്നു സഖാവേ …

തരം കിട്ടുമ്പോഴെല്ലാം പ്രതിപക്ഷത്തെയും ,പ്രതിപക്ഷ നേതാക്കളെയും വിമർശിക്കുന്ന അങ്ങയോടു ചില ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ് .

1 .പ്രളയ സമയത്ത് പ്രതിപക്ഷവുമായും ,ബി ജെ പിയുമായും ചർച്ച നടത്തിയ അങ്ങ് എന്ത് കൊണ്ട് അതിഭീകരമായ ഈ കൊറോണ രോഗ വ്യാപന സമയത്തു പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയില്ല ?യോജിപ്പും കൂട്ടായ്മയും ഉണ്ടാകേണ്ട സമയത്തു അതിനു മുൻകൈ എടുക്കേണ്ടത് സർക്കാർ തന്നെ അല്ലെ ?

2 .സാലറി ചലഞ്ച് പോലുള്ള എല്ലാവരുടെയും സഹകരണം വേണ്ട കാര്യങ്ങൾ പ്രതിപക്ഷവുമായും ,പ്രതിപക്ഷ സർവീസ് സംഘടനകളുമായും ചർച്ച ചെയ്തു കൂട്ടായി തീരുമാനിക്കാതിരുന്നത് സർക്കാർ വീഴ്ച അല്ലെ? അങ്ങനെ എങ്കിൽ ഒരു മാസത്തെ വേതനം പലതവണ ആയി സ്വരുക്കൂട്ടാൻ കഴിയുമായിരുന്നല്ലോ ?കാര്യങ്ങൾ എത്ര ഭംഗിയായി മുന്നോട്ടു പോകാൻ കഴിയുമായിരുന്നു ?235 .33 കോടി രൂപ മാത്രമല്ലെ ഇന്ന് വരെ പിരിക്കാൻ കഴിഞ്ഞുള്ളു ?അത് എന്ത് കൊണ്ടാണ് ?പ്രളയ സമയത്തു 4798.04 കോടി രൂപ കിട്ടിയ സ്ഥാനത്താണ് ഇപ്പോൾ നമുക്ക് ഇത്രയും കിട്ടിയതെന്നത് സർക്കാർ വീഴ്ച തന്നെയല്ലേ?
3 .ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ കാണിച്ച ഉത്സാഹമെങ്കിലും ഈ കൊറോണ വിരുദ്ധ പോരാട്ടത്തിൽ സർക്കാർ സ്വീകരിച്ചിട്ടുണ്ടോ ?സാമ്പത്തിക പ്രതിസന്ധിയും ,വിവിധ മേഖലകളിലെ പ്രതിസന്ധിയും വിവിധ കക്ഷികളുമായും വിദഗ്ധരുമായും ,വ്യവസായ ,കച്ചവട പ്രതിനിധികളുമായും ചർച്ച നടത്തേണ്ടിയിരുന്നില്ലേ ?ചെയ്യാത്തത് എന്ത് കൊണ്ട് ?
4 .വിവിധ സംസ്ഥാനങ്ങളിലും ,വിദേശത്തും അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാൻ വൈകുന്നതും സർക്കാരിന്റെ ഏകോപന കുറവും പിടിപ്പുകേടുമാണെന്നു ഞാൻ പറഞ്ഞാൽ അത് നിഷേധിക്കാൻ അങ്ങേക്ക് കഴിയുമോ ?
5 .ഇന്ത്യയിലെ മറ്റു സംസ്ഥനങ്ങൾ എല്ലാം അവരവരുടെ നാട്ടിൽ നിന്നുള്ള ആളുകളെ കേരളത്തിൽ നിന്ന് പോലും കൊണ്ട് പോയിട്ടും മറ്റു സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളി വിദ്യാർത്ഥികളെയും രോഗികളെയും പോലും എത്തിക്കാൻ കഴിയാത്തതു ആരുടെ വീഴ്ചയാണ് ?
6 .വിദേശ രാജ്യങ്ങളിൽ രോഗ വ്യാപനം ഉണ്ടായപ്പോൾ പ്രതിപക്ഷ പാർട്ടികൾ കേരളത്തിലും ,പ്രത്യേകിച്ച് വിമാനത്താവളങ്ങളിൽ മുൻകരുതലും ,പരിശോധനയും വേണമെന്ന് പറഞ്ഞപ്പോൾ അത് പാലിക്കാത്തതും ,വൈകിച്ചതും സർക്കാരിന്റെ വീഴ്ച്ചയല്ലേ ?
7 .സമൂഹ വ്യാപനം തടയാനുള്ള മുൻകരുതൽ എന്നുള്ള നിലയിൽ ബിവറേജിന്‌ മുൻപിലുള്ള നീണ്ട നിര ഒഴിവാക്കാൻ വ്യാപകമായ ആവശ്യം ഉയർന്നിട്ടും അത് വൈകിച്ചതിന്റെ ഉത്തരവാദി ആരാണ് ?
8.സംസ്ഥാനത്തു ആരോഗ്യ രംഗത്തും ,വിദ്യാഭ്യാസ രംഗത്തും മറ്റു വിവിധ മേഖലകളിലും ഉണ്ടായ മുന്നേറ്റത്തിന് കളമൊരുക്കിയത് മാറിമാറി വരുന്ന സർക്കാരുകളാണ് എന്നിരിക്കെ അത് ഒരു പാർട്ടിയുടെ മാത്രം മിടുക്കായി എടുത്തു കാട്ടുന്നത് ശെരിയാണോ ?
9 .കേരളത്തിലെ ആരോഗ്യ രംഗത്ത് പണിയെടുക്കുന്ന ഡോക്ടർമാർക്കും ,മറ്റു ആരോഗ്യ പ്രവർത്തകർക്കും ഗുണനിലവാരമുള്ള സംരക്ഷിത കിറ്റുകളും ,രോഗ പരിശോധനയ്ക്കുള്ള മതിയായ കിറ്റുകളും സംഘടിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ ?
10 .ആദ്യഘട്ടത്തിൽ തന്നെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആരോഗ്യ മേഖലയ്ക്കു വേണ്ടി പണം നീക്കി വെച്ച കേരളം എം പി മാരുടെ ഒരു അടിയന്തിര മീറ്റിങ് വിളിച്ചു കൂട്ടി യോജിച്ച പ്രവർത്തനവും ,കേന്ദ്രത്തിന്റെ മേലുള്ള യോജിച്ച സമ്മർദ്ദവും ചെലുത്താൻ മുഖ്യമന്ത്രി മുൻ കൈ എടുത്തോ ?അങ്ങനെ എങ്കിൽ വിദേശത്തുള്ള ലേബർ ക്യാമ്പിൽ നരകിക്കുന്ന മലയാളികളെ എങ്കിലും സൗജന്യമായി നാട്ടിൽ എത്തിക്കാൻ കഴിയുമായിരുന്നില്ലേ?

ബാക്കി ചോദ്യങ്ങൾ ഒരുപാടുണ്ട് ,വിസ്താര ഭയത്താൽ ഇപ്പോൾ നിർത്താം (സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മാതൃക നടപടികളും ,ചെലവ് ചുരുക്കൽ നടപടികളും ആണ് അറിയേണ്ട മറ്റു ചോദ്യങ്ങളിൽ പെടുന്നത് .അതുപോലെ പുറത്തു നിന്നും വരുന്നവരെ താമസിപ്പിക്കാൻ സൗകര്യം ചെയ്തിരിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെയും ,പ്രാഥമിക സൗകര്യങ്ങളെയും കുറിച്ചാണ്.മറ്റൊന്ന് സർക്കാർ ധൂർത്തിനെ സംബന്ധിച്ചാണ്, പരസ്യവും, ഹെലികോപ്ടറും തുടങ്ങിയവ )