നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി: ഫെബ്രുവരി 15 വരെ; ബജറ്റ് തീയതിയില്‍ മാറ്റമില്ല

 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. ഫെബ്രുവരി 15-ന് സമ്മേളനം അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചത്. മാർച്ച് 20 വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ചുരുക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്.

കാര്യോപദേശക സമിതി യോഗത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനമായത്. ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന പ്രക്ഷോഭ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് തീയതി ഫെബ്രുവരി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറ്റുകയും ബജറ്റ് ചര്‍ച്ച ഫെബ്രുവരി 12,13, 15 തീയതികളില്‍ നിന്നും മാറ്റി 5, 6, 7 തീയതികളില്‍ നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തീയതി ഒരു കാരണവശാലും മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവെക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഇതിന്, ‘നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ ഇതേ നാണയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയ തീരുമാനം എടുത്തത്.

Comments (0)
Add Comment