‘സര്‍ക്കാര്‍ വാദങ്ങള്‍ മനസിലാകുന്നില്ല’ ; കയ്യാങ്കളിക്കേസില്‍ വീണ്ടും സുപ്രീംകോടതിയുടെ വിമർശനം ; കേസ് വിധി പറയാനായി മാറ്റി

Jaihind Webdesk
Thursday, July 15, 2021

ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷയ്ക്കാണ് വിമര്‍ശനം. അപേക്ഷയിലെ വാദങ്ങള്‍ മനസിലാകുന്നില്ലെന്ന് സുപ്രീംകോടതി. വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി.

കേസില്‍ രാവിലെയും സർക്കാരിനെതിരെ വിമർശനവുമായി കോടതി രംഗത്തെത്തിയിരുന്നു. തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു.

അതേസമയം കേസില്‍ മലക്കംമറിഞ്ഞ് സർക്കാർ. കെ.എം മാണി അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗം സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ്  ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.