ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ബാധ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടി നീതി ആയോഗ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.
എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും നയപരമായ നിര്‍ദേശങ്ങള്‍ എണ്ണക്കമ്പനികള്‍ക്ക് നല്കാന് സര്‍ക്കാരിന് കഴിയും. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജീവ് കുമാര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചലിക്കാതെ നിന്ന ഇന്ധനവില തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൂട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 20 ദിവസമാണ് ഇന്ധനവില കൂട്ടിയത്. കേരളത്തില്‍ പെട്രോള്‍ വില 100 ലേക്ക് അടുക്കുകയാണ്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഇതിനോടകം തന്നെ 100 കടന്നിട്ടുണ്ട്.