‘നീതി ആയോഗ് നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാർ’: ജയ്റാം രമേശ്

 

ന്യൂഡൽഹി: നീതി ആയോഗിനും കേന്ദ്ര സർക്കാരിനും രൂക്ഷവിമർശനവുമായി കോൺഗ്രസ്. സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് നീതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. മോദിയുടെ ചെണ്ടകൊട്ടുകാരായി പ്രവർത്തിക്കുന്നവരാണ് നീതി ആയോഗെന്നും മമതയോട് ചെയ്തത് അംഗീകരിക്കാൻ ആവില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

‘പത്തു വർഷം മുമ്പ്, രൂപീകരിച്ച നാൾ മുതൽ നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തുനിൽക്കുകയും നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാരായി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്’- ജയ്റാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത്. ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമതാ ബാനർജി പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് താന്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ല. ഇത്തരം വിവേചനം അംഗീകരിക്കാനാവില്ലെന്നും മമത പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Comments (0)
Add Comment