ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു: ഇനി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പുതിയ സര്‍ക്കാര്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Jaihind Webdesk
Tuesday, August 9, 2022

 

പട്ന: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ ഫാഗു ചൌഹാന് കൈമാറി. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാർ ജെഡിയു എംഎല്‍എമാരെ അറിയിച്ചു. ഇതോടെ ജെഡിയു എന്‍ഡിഎ സഖ്യം വിട്ടു. ഇനി ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയു–ആർജെഡി–കോൺഗ്രസ് സഖ്യ സർക്കാരാകും രൂപീകരിക്കുക.  16 എംഎല്‍എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിന്‍റെ ഭാഗമാണ്.

243 അംഗ ബിഹാര്‍ നിയമസഭയില്‍ നിലവില്‍ 79 എംഎല്‍എമാരുമായി ആര്‍ജെഡിയാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 ഉം ജെഡിയുവിന് 45 ഉം എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ജെഡിയുവിനെ പിളര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി അണിയറയില്‍ പടയൊരുക്കം നടത്തിയെന്നാണ് ജെഡിയുവിന്‍റെ പരാതി. മഹാരാഷ്ട്ര മോഡലില്‍ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിനാണ് ഇപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത്.