ബിജെപി ദേശീയ നേതൃത്വത്തിനെതിരെ തുറന്ന പോരുമായി നിതിന്‍ ഗഡ്കരി

webdesk
Wednesday, December 26, 2018

Nitin-Gadkari

ബിജെപി ദേശീയ നേതൃത്വത്തിനെതിരെ തുറന്ന പോരുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും മോശം പ്രകടനത്തിന് ഉത്തരവാദി പാര്‍ട്ടി ദേശീയ അധ്യക്ഷനാണെന്നാണ് ഗഡ്കരിയുടെ പ്രസ്താവന.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങളുള്ളതിന്റെ ലക്ഷണമാണെന്നാണ് വിലയിരുത്തല്‍.

താനാണ് പാര്‍ട്ടി അധ്യക്ഷനെങ്കില്‍ പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കും എന്നാണ് ഗഡ്കരി വ്യക്തമാക്കിയത്‌. ഡല്‍ഹിയില്‍ െഎബി എന്‍ഡോവ്‌മെന്റ് പ്രസംഗത്തിനിടെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്.

ഗഡ്കരി ഉന്നമിടുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തന്നെയാണ്. സഹിഷ്ണുതയാണ് ഏറ്റവും വലിയ ഗുണമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് മുന്‍പ് ഗഡ്കരി പൂനെയില്‍ പരാമര്‍ശിച്ചിരുന്നു. വിജയത്തിന് നിരവധി അവകാശികളുണ്ടാകും എന്നാല്‍ പരാജയം അനാഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.