നിർഭയ പദ്ധതിക്ക് താഴിട്ട് സർക്കാർ ; നിർഭയ ഹോമുകൾ പൂട്ടുന്നു, പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയില്‍

Jaihind News Bureau
Sunday, November 15, 2020

 

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടുന്നു. 15 വയസിൽ താഴെയുള്ള ലൈംഗികാതിക്രമം നേരിട്ട കുട്ടികളെ പുനരധിവാസത്തിനായി പാർപ്പിക്കുന്ന നിർഭയ ഹോമുകൾ പൂട്ടാനാണ് വനിതാ ശിശുക്ഷേമ ഡയറക്ടർ ഉത്തരവിറക്കിയിട്ടുള്ളത്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഏറെ താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയ നിർഭയ പദ്ധതിക്കാണ് സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സർക്കാരിന്‍റെ കാലത്ത് പൂട്ടു വീഴുന്നത്. ആറ് ജില്ലകളിലെ പുനരധിവാസ കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചു പൂട്ടാനും മറ്റിടങ്ങളിലെ കേന്ദ്രങ്ങൾ എൻട്രി ഹോമുകളാക്കാനുമാണ് വനിതാ ശിശുക്ഷേമ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ഇതിനു പകരമായി തൃശ്ശൂർ ജില്ലയിലെ രാമവർമ്മ പുരത്ത് മോഡൽ ഹോം ആരംഭിക്കുമെന്നും ഉത്തരവിലുണ്ട്. നിലവിൽ ജില്ലകളിലുള്ള ജീവനക്കാരെയും അവിടെ പുനരധിവസിപ്പിച്ചിട്ടുള്ള കുട്ടികളെയും തൃശ്ശൂരിലേക്ക് മാറ്റിയേക്കും. ജില്ലകളിലെ നിർഭയ ഹോമുകളിൽ പുനരധിവസിപ്പിച്ചിരിക്കുന്നവർ തൃശ്ശൂരിലേക്ക് പോകാൻ വിസമ്മതിച്ചാൽ അവരവരുടെ വീട്ടിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനം.

നിർഭയ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയും വകുപ്പു മന്ത്രി അധ്യക്ഷത വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുമുണ്ട്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇവയൊന്നും കൃത്യമായി കൂടാറില്ല. സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുമെന്ന് പറഞ്ഞ ഇടത് സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിർഭയ ഹോമുകൾ അടച്ചു പൂട്ടുന്നതോടെ സംസ്ഥാനത്തെ പോക്സോ കേസുകളിലെ ഇരകളുടെ പുനരധിവാസമാണ് താളം തെറ്റുന്നത്.