ഒടുവില്‍ നിർഭയക്ക് നീതി ; നാല് പ്രതികളെയും തൂക്കിലേറ്റി

Jaihind News Bureau
Friday, March 20, 2020

 

ന്യൂഡൽഹി : ഒടുവില്‍ നീതി നടപ്പായി. നിർഭയ കേസിലെ പ്രതികളെ തിഹാർ ജയിലില്‍ തൂക്കിലേറ്റി. കേസിലെ നാല് പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് താക്കൂര്‍ (31) എന്നിവരെയാണ് പുലർച്ചെ 5.30നാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണ് ഇവരെ തൂക്കിലേറ്റിയത്. കൃത്യം 5.30ന് തന്നെ കുറ്റവാളികളെ തൂക്കിലേറ്റി. ശേഷം ആറ് മണിയോടെ മൃതദേഹങ്ങൾ തൂക്കുമരത്തിൽനിന്നു നീക്കി.

2012 ഡിസംബർ 16നാണ് രാജ്യത്തിന്‍റെ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറ് പ്രതികളാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ രാംസിംഗ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വർഷത്തെ തടവിന് ശേഷം ജയിൽമോചിതനായി. മറ്റ് നാല് പ്രതികൾക്കാണ് ഇപ്പോള്‍ വധശിക്ഷ ലഭിച്ചത്. ക്രൂരപീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതിയ ശേഷം ഡിസംബർ 29 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റം നടന്ന് ഏഴ് വർഷവും മൂന്ന് മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിർഭയയുടെ അമ്മ പ്രതികരിച്ചു.

ഇത്തരത്തിൽ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂർവ സംഭവമാണ്. നിർഭയ കേസില്‍ പ്രതികൾ നിയമം അനുവദിക്കുന്ന വഴികളെല്ലാം തേടി. തൂക്കിലേറ്റുന്നതിന്‍റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ തേടിയിരുന്നു. നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നട‌പ്പാക്കാൻ മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു.

ശിക്ഷ നടപ്പായതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ആൾക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് ജയിലിന് പുറത്ത് കൂട്ടംകൂടിയത്. 5.30 ആയതോടെ ആഹ്ളാദാരവങ്ങളോടെ ഇവർ ആർപ്പുവിളി മുഴക്കി. ആരോഗ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ചു തൂക്കിലേറ്റുകയായിരുന്നു.