നിപയെ പ്രതിരോധിക്കാന്‍ കേരളം; ഭീതി വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

Jaihind Webdesk
Wednesday, June 5, 2019

സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ നിർദേശം നൽകി. പല ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യന്ത്രി പറയുമ്പോഴും അതീവ ശ്രദ്ധ അനിവാര്യമാണ്.

തിരുവനന്തപുരത്ത് പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരുടേയും ആർ.എം.ഒമാരുടേയും യോഗം ചേർന്നു പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തി. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളുമായെത്തുന്നവർക്കായി പ്രത്യേക ഒ.പി കൗണ്ടർ, പനി ക്ലിനിക്ക്, പനി വാർഡ് എന്നിവ തുടങ്ങാൻ തീരുമാനമായി. എൻസഫലൈറ്റിസ്, ശ്വാസംമുട്ടൽ, അതികഠിനമായ പനി എന്നിവയുമായി എത്തുന്ന രോഗികളെ നിരീക്ഷിക്കാനും ആവശ്യമായ പരിശോധനകൾ ഉറപ്പാക്കാനും സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജാഗ്രത പാലിക്കാം, മുന്‍കരുതലുകള്‍:

തലവേദന, പനി, ചുമ, ശ്വാസംമുട്ട്, തലകറക്കം, പരസ്പരബന്ധമില്ലാതെ സംസാരിക്കൽ, വയറുവേദന, ഛർദി തുടങ്ങിയവയാണ് നിപ രോഗബാധയുടെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണം കണ്ടാൽ ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തി ചികിത്സ തേടണം.
പനിയും ചുമയുമുള്ളവർ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും നിർബന്ധമായും മറയ്ക്കണം. മറ്റ് രോഗികളുമായോ ആൾക്കാരുമായോ അടുത്തിടപഴകരുത്. രോഗിയുമായി അടുത്തിടപഴകുന്നവരും പരിചരിക്കുന്നവരും മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെ രോഗത്തെ അകറ്റിനിര്‍ത്താം. ഭയമല്ല, രോഗത്തിനെതിരെ ജാഗ്രതയാണ് വേണ്ടത്. പരിഭ്രാന്തിയോ ഭീതിയോ കൊണ്ട് നമുക്ക് നിപയെ നേരിടാനാകില്ല. വിവേകത്തോടെയും വകതിരിവോടെയും ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച് നിൽക്കാം.

നിപ പകരുന്നത് എങ്ങനെ?

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്നതാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാനും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാനും സാധ്യതയുണ്ട്. അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും വേണം.

രോഗ ലക്ഷണങ്ങള്‍:

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്‍കരുതലുകള്‍:

പക്ഷിമൃഗാദികളും വവ്വാലും കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിയുമായി ഇടപഴകുമ്പോൾ മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവ ഉപയോഗിക്കണം. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

teevandi enkile ennodu para