കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചു ; രോഗ ലക്ഷണത്തോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Jaihind Webdesk
Sunday, September 5, 2021

Nipah

കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ചാത്തമംഗലം ചൂലൂർ സ്വദേശിയാണ്. കൊവിഡ് ബാധിതനായിരുന്ന കുട്ടിക്ക്  നിപ വൈറസ് ലക്ഷണമായ മസ്തിഷ്ക ജ്വരവും  ഛർദിയും വന്നതോടെയാണ് നിപ വൈറസ് ബാധ സംശയിച്ചത്. തുടർന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയും നിപ സ്ഥിരീകരിക്കുകയുമായിരുന്നു.

അതേസമയം മാസ്കും സാമൂഹിക അകലവും പാലിക്കുന്നതിനാല്‍  വലിയ തോതില്‍ വൈറസ് വ്യാപനം ഉണ്ടാകാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ കൂടുതൽ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണു സൂചന. അടിയന്തര സാഹചര്യം നേരിടാൻ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കൺട്രോൾ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുക്കും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതന് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ രണ്ട് ആശുപത്രികളില്‍ കൂടി കുട്ടി ചികിത്സ തേടിയിരുന്നു.

2018 ല്‍ ആദ്യമായി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചപ്പോള്‍ 17 പേരാണ്  മരിച്ചത്.