സംസ്ഥാനത്ത് നിപ ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍. നിപ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 1 മുതല്‍ എറണാകുളം ജില്ലയില്‍ മരിച്ചത് 1,898 പേരാണ്. ഇതില്‍ ആരുടെയും മരണം നിപ ബാധിച്ചല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. രോഗിയുമായി ഇടപഴകിയ 330 പേരെയാണ് നിരീക്ഷണത്തില്‍ വെച്ചിരുന്നത്. ഇതില്‍ 47 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ബാക്കി പേരെയും അടുത്ത ദിവസങ്ങളില്‍ തന്നെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നിപ രോഗ ബാധിതനായ യുവാവിന്‍റെ അവസ്ഥ മെച്ചപ്പെട്ടെന്നും, സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതിനാല്‍ വിവിധ വകുപ്പുകള്‍ക്കിടയിലുള്ള ഏകോപനം അവസാനിപ്പിച്ചതായും മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ജാഗ്രത തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് തുടരുമെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമായി തുടരുകയാണെന്നും എറണാകുളം ജില്ലാ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/dcekm/videos/333585777537212/