നിപ്പ വൈറസ് : പശ്ചിമബംഗാളിലും ത്രിപുരയിലും ജാഗ്രതാ നിർദേശം

ബംഗ്ലാദേശിൽ നിപ്പ വൈറസ് ബാധയെത്തുടർന്ന് അഞ്ച് പേർ മരിച്ച സാഹചര്യത്തിൽ പശ്ചിമബംഗാളിലും ത്രിപുരയിലും ജാഗ്രതാ നിർദേശം നൽകി. ബംഗ്ലാദേശിന്റെ അതിർത്തി ഗ്രാമങ്ങളിലെ അഞ്ചു പേരുടെ മരണം നിപ്പ വൈറസ് ബാധയെത്തുടർന്നാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

ഇന്തോബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ് പശ്ചിമബംഗാളും ത്രിപുരയും. ഫെബ്രുവരിയിലാണ് ബംഗ്ലാദേശിലെ ബാലിയഗംഗി ഉപജില മേഖലയിൽ ഒരേ കുടുംബത്തിലെ അഞ്ചു പേർ പനി ബാധിച്ച് മരിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ ഇവർ മരിച്ചത് നിപ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് ഇരു സംസ്ഥാനങ്ങൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കിയത്. പുറത്തുനിന്നുള്ള പഴവർഗങ്ങൾ കഴിക്കുന്നതും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതും നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ നിപ്പ വൈറസ് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. മാസങ്ങളോളം സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ തുടർന്ന് 18 പേരാണ് കൊല്ലപ്പെട്ടത്. വവ്വാലിൽ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്.

Comments (0)
Add Comment