നിപ : ചികിത്സയിലുള്ള യുവാവിന്‍റെ രക്ത സാമ്പിളുകൾ ഇന്ന് വീണ്ടും പരിശോധിക്കും

Jaihind Webdesk
Saturday, June 8, 2019

Nipah-test

നിപ വൈറസ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്‍റെ രക്ത സാമ്പിളുകൾ ഇന്ന് വീണ്ടും പരിശോധിക്കും. വൈറസ് സാന്നിധ്യം പൂർണ്ണമായും മാറിയോ എന്നറിയുന്നതിനാണ് പരിശോധന. അതേ സമയം വിദ്യാർത്ഥിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന അൻപതോളം പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വൈറസ് സാന്നിധ്യം അറിയുന്നതിനാണ് വീണ്ടും രക്തപരിശോധന നടത്തുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയ പ്രത്യേക ലാബിലാണ് പരിശോധന.

മൂന്ന്, ദിവസം മുൻപ് നടത്തിയ രക്ത പരിശോധനയിൽ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്‍റെ സൂചന ലഭിച്ചിട്ടുണ്ട്. പൂനെയിലെ വിദഗ്ധ സംഘമാണ് രക്തവും ശ്രവങ്ങളും പരിശോധിക്കുക. വൈറസ് ബാധയില്ലെന്ന് പരിശോധനയിൽ വ്യക്തമായാലും മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശ പ്രകരമായിരിക്കും തുടർനടപടികൾ.
അതേ സമയം വൈറസ് ബാധയേറ്റ യുവാവുമായി നേരിട്ട് ഇടപഴകിയതുൾപ്പെടെ 3 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള 52 പേരെയും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

നിപ വൈറസ് ബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിനു ഇടയ്ക്കുള്ള പനി ഒഴിച്ചു നിർത്തിയാൽ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയുമായി സംസാരിക്കാൻ മെഡിക്കൽ ബോർഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയിൽ കഴിക്കുന്നതടക്കം ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംസ്ഥാനത്തു ഇതുവരെ 318 പേരാണ് ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിൽ കഴിയുന്നത്.