നീറ്റ് ഒന്നാം റാങ്കുകാരിയുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സഹായവുമായി നിലമ്പൂര്‍ അർബന്‍ ബാങ്ക്

Jaihind Webdesk
Monday, July 1, 2019

നീറ്റ് ഒന്നാം റാങ്കുകാരി ദിവ്യക്ക് വീടും പഠനസഹായവുമൊരുക്കാൻ നിലമ്പൂർ അർബൻ ബാങ്ക്. നിലമ്പൂർ കുറുമ്പലങ്ങോട് കണയന്‍കൈ ആദിവാസി കോളനിയിലെ കഷ്ടതകള്‍ക്കിടയില്‍ നിന്നാണ് ദിവ്യ എന്ന മിടുക്കി ഡോക്ടർ എന്ന തന്‍റെ സ്വപ്നം കയ്യെത്തിപ്പിടിച്ചത്. കാറ്റഗറി വിഭാഗത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് സംസ്ഥാനത്ത് ഒന്നാം റാങ്കാണ് നിലമ്പൂര്‍ ചുങ്കത്തറ കുറുമ്പലങ്ങോട് കണയന്‍കൈ പട്ടികവര്‍ഗ കോളനിയിലെ ദിവ്യ നേടിയത്.

റാങ്ക് തിളക്കത്തിനിടയിലും ദിവ്യയുടെയും കുടുംബത്തിന്‍റെയും സ്വകാര്യ ദുഃഖമായ  സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങുമായി നിലമ്പൂർ സഹകരണ അർബൻ ബാങ്ക്. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സംസ്ഥാന റാങ്ക് പട്ടികയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കുകാരി കുറുമ്പലങ്ങോട് കണയന്‍കൈ ആദിവാസി കോളനിയിലെ ദിവ്യക്കും കുടുംബത്തിനും വീട് നിർമ്മിക്കാൻ രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്ന് ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പഠനസഹായത്തിനായി അരലക്ഷം രൂപയും നൽകും. ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനം നേരാനായി കോളനിയിലെ വീട്ടിലെത്തിയപ്പോഴാണ് ആര്യാടൻ ഷൗക്കത്ത് സഹായം പ്രഖ്യാപിച്ചത്.

ഇല്ലായ്മകളുടെ ദുരിതക്കയത്തിൽ നിന്ന് പടപൊരുതിയാണ് ദിവ്യ എം.ബി.ബി.എസ് പഠനം ഉറപ്പിച്ചത്. തലചായ്ക്കാൻ സ്വന്തമായൊരു വീടില്ലാത്തതാണ് ഇവരുടെ ദുഖം. പിതൃസഹോദരന്‍റെ വീട്ടിലാണ് ദിവ്യയും കുടുംബവും കഴിയുന്നത്. പ്രമേഹം മൂർഛിച്ച് കാഴ്ച നഷ്ടപ്പെട്ട പിതാവ് പരമേശ്വരൻ കഴിഞ്ഞ വർഷം മരിച്ചതോതോടെ ദിവ്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഭാരം മാതാവ് ലീലയുടെ ചുമലിലായിരുന്നു. കൂലിവേല ചെയ്താണ് ലീല മക്കളെ പഠിപ്പിച്ചത്. പട്ടികവർഗ വിഭാഗത്തിൽ അഖിലേന്ത്യാതലത്തിൽ 778-ാം റാങ്ക് നേടിയ ദിവ്യയുടെ ആഗ്രഹം  എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി ബിരുദാനന്തരബിരുദം കൂടി നേടണമെന്നതാണ്.