ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസിഡര്‍ നിക്കി ഹാലെ

ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസിഡറായ ഇന്ത്യൻ വംശജ നിക്കി ഹാലെ രാജിവെച്ചു. ഒരു വലിയ പ്രഖ്യാപനമുണ്ടാകുമെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി.

സൗത്ത് കരോളീന ഗവർണറായിരുന്ന നിക്കി ട്രംപ് പ്രസിഡന്‍റായതിന് ശേഷമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നിലെത്തുന്നത്. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്ച യു.എസ് സന്ദർശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചർച്ച നടത്തിയിരുന്നെന്നാണ് അറിയുന്നത്. നാൽപ്പത്തിയാറുകാരിയായ നിക്കി ഉത്തരകൊറിയയുടെ ആണവ പദ്ധതികൾ തകർക്കുന്നതിനും സിറിയൻ പ്രശ്നങ്ങളിലുമടക്കം യു.എന്നിൽ അമേരിക്കയ്ക്ക് വേണ്ടി നിർണായക നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ട്രംപിന്‍റെ വിദേശ നയങ്ങളെ നിക്കി ഹാലെ വിമർശിച്ചതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.യു.എസിൽ ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജയാണ് നിക്കി ഹാലെ. പഞ്ചാബിൽനിന്നു യു.എസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

അതേസമയം, 2020ൽ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചതെന്ന ആരോപണം നിക്കി ഹാലെ നിരാകരിച്ചു. യു.എന്നിൽ അമേരിക്കയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പ്രതികരിച്ച അവർ കഴിയുമെങ്കിൽ ഈ വർഷം അവസാനം വരെ ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. താൻ ട്രംപിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Nikki Haley
Comments (0)
Add Comment