ഒമിക്രോണ്‍ ആശങ്ക: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രി കർഫ്യൂ; രാത്രി 10 മുതല്‍ രാവിലെ 5 വരെ നിയന്ത്രണം

Jaihind Webdesk
Monday, December 27, 2021

തിരുവനന്തപുരം: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഡിസംബർ  30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്.

രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള  സമയത്ത് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല. കര്‍ശനമായ വാഹന പരിശോധനയും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.  കടകള്‍ 10 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടം നിയന്ത്രിക്കാനായാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.

നേരത്തെ സംസ്ഥാനത്ത് ഡിജെ പാർട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രാത്രി 10 മണിക്ക് ശേഷം ഡിജെ പാർട്ടികള്‍ പാടില്ല. പാർട്ടിയില്‍ പങ്കെടുക്കുന്നവരുടെയെല്ലാം വിവരങ്ങള്‍ പൊലീസിന് കൈമാറണം. സിസി ടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങള്‍ പൊലീസ് നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന്‍റെ സാധ്യത കണക്കിലെടുത്താണ് പൊലീസിന്‍റെ നടപടി.