സ്വർണക്കടത്ത്: എൻഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസിയുടെ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തി. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്. തീ കത്തി നശിച്ച പ്രോട്ടോക്കോൾ ഓഫീസിലും പരിശോധന നടത്തി.

15 പേരടങ്ങിയ എൻഐഎ സംഘമാണ് സെക്രട്ടേറിയറ്റിൽ എത്തിയത്. എൻഐഎ അസിസ്റ്റന്‍റ് പ്രോഗ്രാമർ വിനോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു.

2019 ജൂലൈ മുതലിങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളുമാണ് എൻഐഎ ശേഖരിക്കുന്നത്. ഇതെല്ലാം നൽകണമെങ്കിൽ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് കാട്ടി പൊതുഭരണവകുപ്പ് എൻഐഎയ്ക്ക് മറുപടി നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ വിദേശത്ത് നിന്ന് സാധനങ്ങൾ എത്തുന്നതിന് കാലതാമസം വരാം. ഈ കാലതാമസം ഒഴിവാക്കാനായി, എൻഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി പരിശോധന നടത്തിയത്.

Comments (0)
Add Comment