ശിവശങ്കർ വീണ്ടും എന്‍ഐഎക്ക് മുന്നില്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Jaihind News Bureau
Tuesday, July 28, 2020

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒന്‍പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍  അന്വേഷണസംഘം നിർദേശിച്ചിരുന്നു. എൻഐഎ നിരീക്ഷണത്തിൽ കൊച്ചി പനമ്പള്ളി നഗറിലെ  ഹോട്ടലില്‍ തങ്ങുന്ന ശിവശങ്കര്‍ രാവിലെ ഒന്‍പത് മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും.

എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും ശിവശങ്കറിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.   ചോദ്യം ചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്‍റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി.  തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ  ഒത്തുനോക്കി വ്യക്തത വരുത്തിയ ശേഷം ഇന്ന് വീണ്ടും ചോദ്യംചെയ്യും.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്ന് പുറപ്പെട്ട ശിവശങ്കർ ഒൻപതരയോടെയാണ് എൻ.ഐ.എ.യുടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിലെ എ.എസ്.പി. ഷൗക്കത്തലി, ഡിവൈ.എസ്.പി. രാധാകൃഷ്ണപിള്ള എന്നിവർക്കൊപ്പം ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും ചോദ്യംചെയ്യലിൽ പങ്കെടുത്തു.