കർഷക നേതാവിന് എൻഐഎ നോട്ടീസ് ; പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രനീക്കമെന്ന് ആരോപണം

Jaihind News Bureau
Saturday, January 16, 2021

ന്യൂഡൽഹി : കർഷക നേതാവ് ബൽദേവ് സിങ് സിർസയ്ക്ക് എൻഐഎ നോട്ടീസ്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാല്‍ എൻഐഎ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമമാണെന്ന് സിർസ ആരോപിച്ചു.

കേന്ദ്രസർക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങൾക്കിടയിൽ സിർസ വെറുപ്പുണ്ടാക്കുകയും ചെയ്തെന്ന് എസ്‍എഫ്ജെയുടെ ഗുർപത്വന്ത് സിങ് പന്നു ആരോപിക്കുന്നു. ഈ കേസില്‍ ഞായറാഴ്ച ന്യൂഡൽഹിയിലെ എൻഐഎ കേന്ദ്ര ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. അതേസമയം, കർഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിർസ പ്രതികരിച്ചു. ആദ്യമവർ സുപ്രീം കോടതി വഴി സമരം പൊളിക്കാൻ നോക്കി. ഇപ്പോൾ എൻഐഎയും ഉപയോഗിക്കുന്നു- സിർസ പറഞ്ഞു