പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്‍റെ ഉടമയേയും കണ്ടെത്തി

Jaihind Webdesk
Tuesday, February 26, 2019

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്‍റെ ഉടമയേയും കണ്ടെത്തിയതായി എൻഐഎ. കശ്മീർ സ്വദേശി സജ്ജാദ് ഭട്ടാണ് വാഹനത്തിന്‍റെ ഉടമ. സജ്ജാദ് ഭട്ട് അടുത്തിടെ ജയ്ഷെ മുഹമ്മദിൽ ചേർന്നിരുന്നു

പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് മാരുതി ഇക്കോ എന്ന വാഹനമാണെന്ന് എൻഐഎ കണ്ടെത്തി. കശ്മീർ അനന്ത്നാഗ് ജില്ലയിലെ ബിജിബെഹറയ്ൻ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എൻഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട് ജയ്ഷെഇ മുഹമ്മദിൽ ചേർന്നിരുന്നു. ആയുധങ്ങളുമായി ഇയാൾ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെന്നും എൻഐഎ വ്യക്തമാക്കി. ഓട്ടോ മൊബൈൽ വിദഗ്ദ്ധരുടെയും ഫോറൻസിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാൻ സാധിച്ചത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഷോപ്പിയാനിലെ സിറാജുൽ ഉലൂമിലെ വിദ്യാർഥിയാണ് സജ്ജാദ് ഭട്ട് എന്നും എൻ ഐഎ കണ്ടെത്തി. ശനിയാഴ്ച എൻഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല.