സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി. ഗൂഢാലോചന, ഭീകര സംഘടനയിൽ അംഗത്വം, ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് എന്നീ കുറ്റങ്ങൾ തെളിഞ്ഞു. സുബ്ഹാനിക്കെതിരായ ശിക്ഷാ വിധി കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും.

കൊച്ചിയിലെ എൻ ഐ എ കോടതി ആണ് വിധി പറഞ്ഞത്. ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തുന്നത്. ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ട ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നാരോപിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.

ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തു, ഗൂഢാലോചന, ഭീകര സംഘടനയിൽ അംഗത്വം, ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് എന്നീ കുറ്റങ്ങൾ തെളിഞ്ഞു. അപൂർവ്വ കേസാണിതെന്നും, പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും എൻഐഎ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

പ്രതിക്കുള്ള ശിക്ഷ കൊച്ചിയിലെ എൻഐഎ കോടതി തിങ്കളാഴ്ച്ച വിധിക്കും. തിരുനെൽവേലിയിൽ താമസം ആക്കിയ തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീൻ 2015 ഫെബ്രുവരി ആണ് ഐ എസ് ഇൽ ചേർന്ന് ഇറാഖിൽ പോയത്. 2015 സെപ്റ്റംബർ ഇന്ത്യയിൽ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ പോയി ആയുധ പരിശീലനം നേടി. ഇന്ത്യയ്ക്ക് എതിരെയോ – മറ്റു രാജ്യങ്ങൾക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും – ദൈവത്തിന്‍റെ കോടതിയിൽ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു.

Comments (0)
Add Comment