സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് എൻഐഎ

സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് എൻഐഎയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. സ്വപ്ന സുരേഷിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിലാണ് പ്രത്യേക കോടതി മുമ്പാകെ എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. കേസ് ഡയറി ഹാജരാക്കാന്‍ എൻഐഎയ്ക്ക് പ്രത്യേക കോടതി നിർദേശം നൽകി.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക എൻഐഎ കോടതി ചോദിച്ചു. കേസിൽ തീവ്രവാദ ബന്ധമില്ലെന്നും, അത്തരത്തിൽ യാതൊരു തെളിവുകളും എൻഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമുള്ള സ്വപ്നയുടെ അഭിഭാഷകൻ്റെ വാദത്തിനിടെയാണ്, കോടതി ഇടപെട്ട് എൻ ഐ എ യോട് തീവ്രവാദ ബന്ധത്തിൻ്റെ തെളിവുകൾ ചോദിച്ചത്. ഇക്കാര്യം പരിശോധിക്കാൻ ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാൻ എൻ ഐ എ യോട് കോടതി നിർദേശിച്ചു. രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു പ്രത്യേക എൻ ഐ എ കോടതി. കേസിൽ എൻ.ഐ.എയുടെ വാദം നാലാം തീയതിയാണ് നടക്കുക. NIA ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അസി. സോളിസിറ്റർ ജനറൽ കൊച്ചിയിലെ പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് കോടതിയിലെത്തിയില്ല.

അതിനിടെ, വ്യാജ ബിരുദ കേസുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍ഐഎ കോടതി പൊലീസിന് അനുമതി നല്‍കി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നല്‍കിയ അപേക്ഷയിലാണ് അനുമതി. കസ്റ്റംസിന്‍റെ കസ്റ്റഡി അവസാനിച്ചാല്‍ ജയിലിലെത്തി പോലീസ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡോക്ടർ ബാബാ അബേക്കര്‍ ടെക്നിക്കല്‍ സര്‍വകലാശാല നേരത്തെ അറിയിച്ചിരുന്നു. യൂണിവേഴ്സിറ്റി ബി.കോം കോഴ്സ് നടത്തുന്നില്ല എന്നും സ്വപ്നപ്രഭ സുരേഷ് എന്ന വിദ്യാര്‍ത്ഥിനി അവിടെ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല രജിസ്ട്രാ‌ര്‍ കണ്‍ഡോണ്‍മെന്‍റ് അസി.കമ്മീഷണര്‍ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)
Add Comment