മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി; കൊല്ലപ്പെട്ട സനലിന്റെ കുടുംബം ജപ്തി ഭീഷണിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി തള്ളിയിട്ടതിനെത്തുടര്‍ന്ന് കാറിടിച്ച് കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് ഒരുരൂപപോലും സര്‍ക്കാര്‍ സഹായം നല്‍കിയില്ല. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശയും ഇതുവരെ നടപ്പായിട്ടില്ല. ഇരുപത്തിരണ്ട് ലക്ഷം കടബാധ്യതയുള്ള കുടുംബം ഇപ്പോള്‍ ജപ്തിഭീഷണിയിലുമാണ്.

പൊലീസുകാരനാല്‍ കൊല്ലപ്പെട്ടതുകൊണ്ട് തന്നെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ഡി.ജി.പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട വിജി സഹായം അഭ്യാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എല്ലാം ശരിയാക്കുമെന്ന ഉറപ്പ് മാത്രമാണ് ബാക്കി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കടം കയറി ആത്മഹത്യ ചെയ്തതാണ് സനലിന്റെ പിതാവ്. ആ ബാധ്യതയാണ് പെരുകിയിപ്പോള്‍ 22 ലക്ഷത്തിന് മുകളിലായിരിക്കുന്നത്. ഒരിക്കലും തിരികെ കിട്ടാത്ത തീരാ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിജിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം വീണ്ടും ഇരുളിലാക്കുന്നതും ഈ കടക്കെണിയാണ്.

സനല്‍ കൊല്ലപ്പെട്ടിട്ട ഒരുമാസമാകുന്നു. ഒരുനിമിഷം കൊണ്ട് എല്ലാം നഷ്ടമായ ഭാര്യ വിജി വിവിധ ബാങ്കുകള്‍ അയച്ച ജപ്തി നോട്ടീസും കൊണ്ട് പകച്ചു നില്‍ക്കുകയാണിപ്പോള്‍. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതംപോലും വഴിമുട്ടി നില്‍ക്കുകയാണ് ഇപ്പോള്‍. സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്യുമെന്ന നേരിയ പ്രതീക്ഷയില്‍ മാത്രമാണ് ഈ കുടുംബത്തിന്റെ മുന്നോട്ടുപോക്ക്. വീട് ജപ്തിചെയ്യപ്പെട്ടാല്‍ എങ്ങോട്ടുപോകുമെന്നുപോലും അറിയാതെ പകച്ചു നില്‍ക്കുകയാണ് വിജി

pinarayi vijayansanal kumarneyyattinkara murder case
Comments (0)
Add Comment