നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് പരിപാടിയ്ക്കിടെ അപകടം; സംഘാടകസമിതിയ്‌ക്കെതിരെ കേസെടുത്തു


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷപരിപാടിയ്ക്കിടെ താത്ക്കാലിക പാലം തകര്‍ന്നതില്‍ സംഘാടകസമിതിക്കെതിരെ കേസെടുത്ത് പോലീസ്. ഇന്നലെ രാത്രിയാണ് പുല്‍ക്കൂട് പ്രദര്‍ശനത്തിനിടെ മരപ്പാലം തകര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേറ്റത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് വഴിവച്ചതെന്നാണ് ആക്ഷേപം. പുല്‍ക്കൂട് പ്രദര്‍ശനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ദുര്‍ബലമായ മരപ്പാലത്തിലൂടെ നിയന്ത്രണമില്ലാതെ ആളുകളെ കടത്തിവിട്ടതാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് താല്‍ക്കാലിക മരപ്പാലം തകര്‍ന്നതും മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റതും. സാരമായ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. വിവിധ യുവജനക്‌ളബുകളും വ്യക്തികളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ സംഘാടകസമിതിക്കെതിരെ പൂവാര്‍ പൊലീസ് കേസെടുത്തു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ആളുകളെ കയറ്റുന്നതില്‍ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്ന് പരിക്കേറ്റവര്‍ തന്നെ സൂചിപ്പിച്ചിരുന്നു.

Comments (0)
Add Comment