ന്യൂസ് ക്ലിക്കിനെതിരെ വീണ്ടും നടപടിയുമായി ഡല്‍ഹി പോലീസ്; കൂടുതല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

Jaihind Webdesk
Saturday, October 7, 2023


ന്യൂസ് ക്ലിക്കിനെതിരെ വീണ്ടും നടപടികളുമായി ഡല്‍ഹി പോലീസ്. മുദ്രവച്ച ഓഫീസില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളും രേഖകളും ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. ഓഫീസ് തുറന്ന് കഴിഞ്ഞ ദിവസമാണ് ഉപകരണങ്ങള്‍ കൊണ്ടുപോയതെന്ന് ന്യൂസ് ക്ലിക്ക് അറിയിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അതൊന്നും മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമാകില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു. അതുപോലെ തന്നെ ദില്ലി പൊലീസ് നടപടിയുമായി സഹകരിക്കുമെന്നും മുന്‍ ജീവനക്കാരി അനുഷ പോള്‍ വ്യക്തമാക്കി.

ന്യൂസ് ക്ലിക്കിന് എതിരായ ഡല്‍ഹി പോലീസ് നടപടിയുടെ ഭാഗമായി ഇന്നലെ കേരളത്തിലും റെയ്ഡ് നടന്നിരുന്നു. മുന്‍ജീവനക്കാരിയും പത്തനംതിട്ട കൊടുമണ്‍ ഐക്കാട് സ്വദേശിയുമായ അനുഷ പോളിന്റെ വീട്ടിലാണ് ഇന്നലെ ദില്ലി പോലീസ് എത്തിയത്. അനുഷയുടെ മൊഴിയെടുത്ത ശേഷം മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്പും ബാങ്ക് രേഖകളും പിടിച്ചെടുത്തു. ഭീഷണി സ്വരത്തിലാണ് ദില്ലി പോലീസ് സംസാരിച്ചതെന്നും എത്രയും വേഗം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായം അനുഷ പറഞ്ഞു.

ഡല്‍ഹിയിലെ സിപിഎം നേതാക്കളുമായുള്ള ബന്ധം ഉദ്യോഗസ്ഥര്‍ ചോദിച്ചു. കര്‍ഷക സമരം, സിഎഎ, കൊവിഡ് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോ എന്ന് അന്വേഷിച്ചതായും അവര്‍ പറഞ്ഞു. നാലുവര്‍ഷക്കാലം ന്യൂസ് ക്ലിക്കിന്റെ ഇന്റര്‍നാഷണല്‍ ഡെസ്‌കിലെ ലേഖികയായിരുന്നു അനുഷ പോള്‍. ഡിവൈഎഫ്‌ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കൂടിയാണ്. ഇവര്‍ അടുത്ത കാലത്താണ് പത്തനംതിട്ടയില്‍ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ദില്ലിയില്‍നിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാ?ഗമായി മൊബൈലും ലാപ്‌ടോപ്പും പിടിച്ചെടുത്തത്.