വിദേശസംഭാവനയില്‍ ചട്ടലംഘനം; ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് സിബിഐ


ചട്ടം ലംഘിച്ച് വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചെന്ന് ആരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസെടുത്തു. ന്യൂസ് ക്ലിക്കിന്റെ ഓഫിസിലും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും സിബിഐ പരിശോധന നടത്തുകയാണ്. സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് നിലവില്‍ പരിശോധന നടത്തുന്നത്. രാവിലെ എട്ടുമണിയോടെയാണ് പുര്‍കായസ്തയുടെ വസതിയില്‍ സംഘം എത്തിയത്.

ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ന്യൂസ്‌ക്ലിക്ക് എഡിറ്ററെയും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറെയും യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിന് പണം നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ കേസെടുത്തത്.

Comments (0)
Add Comment