ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ ആക്രമണം നടത്തി അമ്പതുപേരെ കൊലപ്പെടുത്തിയ അക്രമിയുടെ പേര് ഉച്ചരിക്കില്ലെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. പേരു പറയുന്നത് കൊലപാതകിക്ക് കൂടുതൽ പ്രസിദ്ധി കിട്ടാൻ ഇടയാക്കുമെന്നതിനാലാണ് തീരുമാനമെന്നും അവർ പറഞ്ഞു.
അസലാമും അലൈക്കും എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ച ജസീന്ത ആർഡേൺ ആക്രമണത്തിന്റെ പേരിൽ ആരും പ്രസിദ്ധി നേടേണ്ടെന്ന രൂക്ഷമായ പരാമർശവും നടത്തി. അയാൾ ഒരു ക്രിമിനലാണ്, ഭീകരനാണ്. മോസ്ക് ആക്രമണം നടന്നതിനുശേഷമുള്ള ആദ്യ പാർലമെന്റ് പ്രസംഗത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി രോക്ഷാകുലയായി. കൊലയാളിയുടെ പേരല്ല, കൊല്ലപ്പെട്ടവരുടെ പേരുകളാണു പറയേണ്ടതെന്നും ആർഡേൺ ചൂണ്ടിക്കാട്ടി. മോസ്കിൽ ആക്രമണം നടത്തിയ ഓസീസ് പൗരൻ ജയിലിലാണ്. ഇതിനിടെ തിങ്കളാഴ്ചയ്ക്കകം ന്യൂസിലൻഡിൽ തോക്കുനിയന്ത്രണ നിയമം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനു തടയിടാൻ തോക്കു ലോബിയെ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
മോസ്ക് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ആറുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുന്നതിലുണ്ടാവുന്ന കാലതാമസത്തിൽ ബന്ധുക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചു.