വി.കെ. ശ്രീകണ്ഠന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്; പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിനുകള്‍

ന്യൂഡൽഹി : പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനുകൾ ആരംഭിക്കാമെന്നും പാലക്കാട് ഷൊർണൂർ സ്റ്റേഷനുകളിൽ പിറ്റ്‌ലൈൻ സ്ഥാപിക്കാമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പുനൽകിയതായി വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. പാലക്കാടിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഉറപ്പു നൽകിയത്. 450 കോടി രൂപ മുടക്കി നാലു വർഷം മുൻപ് ബ്രോഡ്ഗേജ് ആക്കിമാറ്റിയ പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിനുകൾ ആരംഭിച്ചാൽ മംഗലാപുരം തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം വർധിപ്പിക്കാമെന്നും മൂകാംബിക, ഏർവാടി, പഴനി, മധുര, രാമേശ്വരം തുടങ്ങി തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്രാസൗകര്യം വർദ്ധിപ്പിക്കാമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ കർണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഈ പാത ഏറെ ഗുണം ചെയ്യുമെന്നും സൂചിപ്പിച്ചു. ഇക്കാര്യത്തിൽ വളരെ അനുകൂലമായ നിലപാടാണ് മന്ത്രിയിൽ നിന്നും ഉണ്ടായതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ദീർഘകാലത്തെ ആവശ്യമായ പാലക്കാട് ഷൊർണൂർ ജംഗ്ഷനുകളിലെ പിറ്റ്ലൈൻ പദ്ധതി നടപ്പാക്കാമെന്നും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ശ്രീകണ്ഠൻ പറഞ്ഞു. ദീർഘദൂര ട്രെയിനുകൾ മറ്റിടങ്ങളിൽ നിന്നും ഇവിടേക്ക് നീട്ടാനും പുതിയ ട്രെയിനുകൾ ആരംഭിക്കാനും തടസ്സമായി നിൽക്കുന്നത് പിറ്റ്ലൈനിന്റെ കുറവാണ്. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ പിറ്റ്ലൈൻ സ്ഥാപിച്ചാൽ ഈ മേഖലയുടെ റെയിൽവേ വികസനം ത്വരിതഗതിയിൽ ആക്കുവാൻ കഴിയുമെന്ന് ശ്രീകണ്ഠൻ മന്ത്രിയെ ധരിപ്പിച്ചു. പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്ന ആവശ്യത്തിന്മേൽ നടത്തിയ ചർച്ചയിൽ നിരവധി റെയിൽവേ വികസന പദ്ധതികൾ സംസ്ഥാനത്ത് മുടങ്ങി കിടക്കുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുമെന്നും മന്ത്രി പീയൂഷ് ഗോയൽ വെളിപ്പെടുത്തിയതായി വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

railwaypiyush goyalVK sreekandankerala MPcentral minister
Comments (0)
Add Comment