2018 ൽ പ്രളയത്തിൽ തകർന്ന വീടുകൾ നന്നാക്കുന്നതിലും കമ്മീഷൻ കിട്ടി; യു.എ.ഇ കോൺസുലേറ്റ് അറ്റാഷേക്കും കമ്മീഷൻ ലഭിച്ചെന്ന് സ്വപ്ന

Jaihind News Bureau
Sunday, October 11, 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുൻപും കമ്മീഷന്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിനോട് ചോദ്യം ചെയ്യലിനിടെ സ്വപ്ന തന്നെയാണ് കമ്മീഷൻ ലഭിച്ച കാര്യം വ്യക്തമാക്കിയത്. അതേ സമയം യു.എ.ഇ കോൺസുലേറ്റ് അറ്റാഷേക്കും കമ്മീഷൻ ലഭിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി.

2018ൽ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ തകർന്ന വീടുകളുടെ അറ്റകുറ്റപണിക്കാണ് സ്വപ്ന കമ്മീഷന്‍ തുക കൈപ്പറ്റിയത്. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് സ്വപ്ന നല്‍കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കുന്നത്. വിവിധ ജില്ലകളിലെ 150 വീടുകളിലായി വയറിംഗ് ഉള്‍പ്പെടെ മാറ്റുന്നതിനായിരുന്നു കരാർ.

യുഎ ഇ കോണ്‍സുലേറ്റ് വഴിയാണ് ഇതിനായി പണമെത്തിയത്. കോണ്‍സലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നല്‍കിയതെന്നും ഇദ്ദേഹമാണ് കമ്മീഷന്‍ നല്‍കിയത് എന്നുമാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.

യുഎഇ കോണ്‍സുലേറ്റുമായും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് കരാറിനും കമ്മീഷനും പിന്നിലെന്നാണ് വിവരം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ വിവാദ ഫ്ലാറ്റ് സമുച്ഛയ നിര്‍മ്മാണത്തിലെ കമ്മീഷന്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മീഷന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട മറ്റ് വിശദാശങ്ങളും സ്വപ്നയുടെ മൊഴിയിലൂടെ തന്നെ പുറത്ത് വരുന്നത്. കൂടാതെ കോൺസുലേറ്റ് അറ്റാഷേക്ക് രണ്ട് തവണയായി ഒരു ലക്ഷത്തി എണ്ണായിരം രൂപ വീതം കമ്മീഷൻ തുകയായി നൽകിയെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതികളായ കെ.ടി. റമീസും സന്ദീപും ചേർന്ന് സംസ്ഥാനത്ത് എത്തിച്ച സ്വർണ്ണത്തിൻ്റെ അളവിൽ കളവ് പറഞ്ഞ് തന്നെ പറ്റിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി.