സ്വർണ്ണക്കടത്തില്‍ പുതിയ വെളിപ്പെടുത്തല്‍; കേസില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് സ്വപ്ന നേരത്തേ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു; പൊളിയുന്നത് രാഷ്ട്രീയ ഗൂഢാലോചന എന്ന മുഖ്യമന്ത്രിയുടെ ദുര്‍ബലവാദം

Jaihind Webdesk
Wednesday, June 8, 2022

സ്വർണ്ണക്കടത്തില്‍ സ്വപ്നാ സുരേഷിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ കടുത്ത പ്രതിരോധത്തിലായ മുഖ്യമന്ത്രിയെയും പാർട്ടിയെയും തീര്‍ത്തും വെട്ടിലാക്കി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ ഗൂഢാലോചന എന്ന ദുര്‍ബല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ ഇത് പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനായ സുമിത് കുമാറിന്‍റെ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയുടെയും വാദത്തെ പൂർണ്ണമായും തകർക്കുന്നത്. ഡോളര്‍ കടത്തിലടക്കം മുഖ്യമന്ത്രിക്കുള്ള പങ്ക് സ്വപ്‌നാ സുരേഷ് നേരത്തെതന്നെ കസ്റ്റംസിനോടും വെളിപ്പെടുത്തിയതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.  പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇതടക്കമുള്ള സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുത്തി കസ്റ്റംസ് 2021 മാര്‍ച്ച് 5 ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, അന്നത്തെ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിലും യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് വഴി നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. കസ്റ്റംസ് ആക്ട് 108 അനുസരിച്ചും സി.ആര്‍.പി.സി ആക്ട് 164 അനുസരിച്ചുമായിരുന്നു മൊഴി.

എന്നാല്‍ വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ എന്തുകൊണ്ട് അന്വേഷണം നടന്നില്ല എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നാണ് സുമിത് കുമാറിന്‍റെ മറുപടി. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷ്ണറായിരുന്ന സുമിത് കുമാര്‍. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇപ്പോള്‍ മുംബൈയില്‍ ജിഎസ്ടി കമ്മീഷ്ണറാണ് സുമിത് കുമാർ. സുമിത് കുമാറിന്‍റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഉയര്‍ത്തിയ ദുര്‍ബല വാദത്തെ പാടേ തകര്‍ക്കുന്നതാണ്.

അന്വേഷണ ഘട്ടത്തില്‍ കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു എന്ന് സുമിത് കുമാർ നേരത്തെ പറഞ്ഞിരുന്നു. സ്ഥലം മാറിപോകുന്നതോടനുബന്ധിച്ച് സംസ്ഥാനത്തെ തന്‍റെ സേവനകാലഘട്ടത്തെ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കവേയായിരുന്നു  സുമിത് കുമാറിന്‍റെ പരാമർശം. സംസ്ഥാന സർക്കാരിനെതിരെയും സുമിത് കുമാർ തുറന്നടിച്ചിരുന്നു. കേസില്‍ അടിമുടി പ്രതിരോധത്തിലായ മുഖ്യമന്ത്രിയേയും പാർട്ടിയേയും വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.