ദുബായ് : പ്രവാസികളുടെ തിരിച്ചുവരവ് ബോധപൂർവ്വം ഒഴിവാക്കാൻ തന്ത്രപരമായി നടത്തിയ നീക്കമാണ്, പ്രവാസികളിൽ നിന്ന് ക്വാറന്‍റൈന്‍ ഫീസ് ഇടാക്കാനുള്ള ഗവൺമെന്‍റിന്‍റെ നീക്കമെന്ന് ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി. എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
രണ്ടര ലക്ഷം പേർക്കുള്ള ക്വാറന്‍റൈന്‍ സംവിധാനങ്ങൾ സജ്ജമാണെന്നുള്ള വ്യാജ പ്രസ്താവന പൊളിഞ്ഞത് മറച്ചുവെക്കുക എന്ന ഉദ്ദേശം കൂടി ഈ നീക്കത്തിന് പിറകിലുള്ളതായ് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസികൾ കേരളത്തിൻ്റെ സാമ്പത്തിക നട്ടെല്ലാണെന്നും അഭിമാനമാണെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന മുൻ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് അതിക്രൂരമായ ഈ നീക്കം.
മുഖ്യമന്ത്രിയുടെ മുൻ ഗൾഫ് സന്ദർശന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും പാളിപ്പോയ ജാള്യത മറക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കമെന്നും വ്യക്തമായിരിക്കുന്നു. പിണറായി വിജയൻ സർക്കാരിൻറെ പ്രവാസികളോടുള്ള കപട പ്രേമം തിരിച്ചറിയാൻ,അഞ്ചാംവഷ സമ്മാനം കൊണ്ട് സാധിച്ചുവെന്ന് ഇരുവരും അറിയിച്ചു.
പ്രവാസികളോടുള്ള വഞ്ചനയും ഇരട്ടത്താപ്പും പൊതു സമൂഹത്തെ ബോധ്യ പ്പെടുത്താനാണ് ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ സമരമെന്നും ഇൻകാസ് നേതാക്കൾ വ്യക്തമാക്കി.