വേറിട്ട മാതൃകയൊരുക്കി ഹൈബി ഈഡനും പ്രവര്‍ത്തകരും; ബോർഡുകളും പോസ്റ്ററുകളും ബാനറുകളുമെല്ലാം നീക്കം ചെയ്തു

Jaihind Webdesk
Friday, April 26, 2019

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നാടും നഗരവും ഒരു വലിയ ഉത്സവം കൊടിയിറങ്ങിയ പ്രതീതിയിലാണ്. തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങളും ഒഴിഞ്ഞു. എന്നാല്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും പ്രവര്‍ത്തകരും തിരക്കിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മണ്ഡലത്തില്‍ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും ബാനറുകളുമെല്ലാം നീക്കം ചെയ്യുന്നതിന്‍റെ തിരക്കിലാണവര്‍. എല്ലാ പ്രദേശങ്ങളിലും ഇത് നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശം പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

ഇടപ്പള്ളി ലുലു മാളിന് സമീപത്ത് സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള സ്വന്തം കൗട്ടൗട്ട് നീക്കിയാണ് ഹൈബി ഈഡന്‍ പ്രവര്‍ത്തകരോടൊപ്പം ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഒരാഴ്ച്ച കൊണ്ട് പ്രചാരണ സാമഗ്രികള്‍ പൂര്‍ണ്ണമായി നീക്കുമെന്നും ഹൈബി അറിയിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പതിവ് ജീവിതത്തിലേക്ക് മടങ്ങുന്ന സ്ഥിരം കാഴ്ചയില്‍ നിന്നും വേറിട്ടൊരു കാഴ്ച സമ്മാനിച്ച് സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മാതൃകയാണ് എറണാകുളം സൃഷ്ടിച്ചിരിക്കുന്നത്. മുന്നണി വ്യത്യാസമില്ലാതെയാണ് ഇക്കാര്യത്തിനായി എറണാകുളം ഒരുമിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിനം തന്നെ സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ തുടങ്ങി. സാധാരണഗതിയില്‍ തെരുവീഥികളുടെ ഭംഗി നശിപ്പിച്ച് അപകടകരമായ അവസ്ഥകള്‍ പോലും സൃഷ്ടിച്ച് ബോര്‍ഡുകളും പോസ്റ്ററുകളും മാസങ്ങളോളം നില്‍ക്കുന്ന പതിവ് ഇക്കുറി മാറ്റമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനികം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പി രാജീവ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ ഹാളിന് സമീപത്തെ മതിലിലെ ചുവരെഴുത്ത് മായ്ച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനം മാതൃക കാണിച്ചത്. അദ്ദേഹവും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സാമഗ്രികള്‍ നീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.