ഇടതുമുന്നണിയില്‍ പുതുതായി പ്രവേശിച്ച രണ്ടുഘടകക്ഷികള് ഇടതുമുന്നണിക്ക് തലവേദനയായി മാറിയുന്നു. വടകര ലോക്സഭാ മണ്ഡലം ലഭിക്കണമെന്ന വാശിയിലാണ് വീരേന്ദ്രകുമാറിന്റെ താന്ത്രിക് ജനതാദള്‍. വടകരയില്ലെങ്കില്‍ കോഴിക്കോട് കൂടിയേതീരുവെന്നാണ് താന്ത്രികദളിന്റെ വാശി. വീരേന്ദ്രകുമാറിന്റെ മകന് എം.വി. ശ്രേംയാംസ്കുമാറിനെ വടകരയില്‍ മത്സരിപ്പിക്കാന്‍ മുന്നണി പ്രവേശനത്തിനുമുമ്പേ ധാരണയുണ്ടെന്ന് ലോക് താന്ത്രിക് ജനതാദള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കാമെന്ന് അനൗപചാരിക ധാരണയുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസും പറയുന്നു. അതിനിടെ കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്നും സി.പി.എം എടുക്കാനുള്ള നീക്കവും തുടങ്ങി.
കഴിഞ്ഞതവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസായിരുന്നു കോട്ടയത്ത് മത്സരിച്ചത്. ലോക് താന്ത്രിക് ജനതാദളിന് സീറ്റ് നല്കുകയാണെങ്കില് തങ്ങള്‍ക്കും സീറ്റ് കൂടിയേ തീരുവെന്ന വാശിയിലാണ് ജനതദാള്‍ എസ്. വിഭാഗവും. അതിനിടെ തിരുവനന്തപുരം ലോക്സഭാ സീറ്റ് സി.പി.ഐയില്‍ നിന്ന് എടുക്കാനുള്ള നീക്കവും സി.പി.എം നടത്തിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് ലോക്സഭാ സീറ്റിനുവേണ്ടി മുന്നണിയില്‍ പ്രവേശിച്ച ഐ.എന്‍.എലും ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. ഫെബ്രുവരി അവസാനം സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുമ്പോള്‍ ഘടകകക്ഷികളുടെ അവകാശവാദങ്ങളും സമ്മര്‍ദ്ദവും സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ഉലയ്ക്കുകയാണ്.