തിരുവനന്തപുരം: കോഴ ആരോപണവും വിവാദങ്ങളും ആളിപടരുന്നതിനിടയിൽ സർക്കാരിന്‍റെ മദ്യനയം രൂപപ്പെടുത്തുന്നതിന് എക്സൈസ് മന്ത്രി ബാർ ഉടമകളുമായി ചർച്ച നടത്തി. ഡ്രൈഡേ ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്നും ചർച്ചയിൽ ബാറുടമകൾ ആവശ്യപ്പെട്ടു. ഒത്തുകളി പൊളിഞ്ഞ് കോഴ ആരോപണത്തിൽ സർക്കാരും ബാറുടമകളും പെട്ടതോടെയാണ് സർക്കാരിന്‍റെ മദ്യനയ രൂപീകരണം തുടക്കത്തിലെ പാളിയത്.
ആരോപണങ്ങളിൽ നിന്ന് മുഖം രക്ഷിക്കുവാൻ ബാറുടമകളുടെ ആവശ്യങ്ങൾ നിരാകരിച്ച് നയം രൂപീകരിക്കുവാനാകും ഇനി സർക്കാർ ശ്രമിക്കുക.
മദ്യ നയം അനുകൂലമാക്കാൻ പണപ്പിരിവിന് നിർദ്ദേശിച്ചിട്ടുള്ള ബാറുടമകളുടെ സംഘടനഭാരവാഹി അനിമോന്‍റെ ശബ്ദരേഖ പുറത്തുവന്നത് സർക്കാരിനെയും ബാറുടമകളെയും ഒരുപോലെ പ്രതിക്കൂട്ടിൽ ആക്കിയിരുന്നു. നിയമസഭാ മന്ദിരത്തിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിച്ചു പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായി ചർച്ചയ്ക്ക് ശേഷം ബാറുടമകൾ പറഞ്ഞു.
ആരോപണത്തിൽ നിന്ന് മുഖം രക്ഷിക്കുവാനാണ് സർക്കാർ ഇപ്പോൾ പരസ്യമായി ബാർ ഉടമകളുമായി ചർച്ച ആരംഭിച്ചത്. കോഴ ആരോപണത്തിൽ വിജിലൻസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.