
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഓസ്കാര്‍ അവാര്‍ഡ് ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയര്‍പേഴ്സണ്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. രഞ്ജിത്തിന് ശേഷം താത്കാലിക ചുമതല വഹിച്ചിരുന്ന പ്രേം കുമാറിനെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്.
പുതിയ ഭരണസമിതിയില്‍ റസൂല്‍ പൂക്കുട്ടിക്കും കുക്കു പരമേശ്വരനും പുറമെ അമല്‍ നീരദ്, ശ്യാം പുഷ്കരന്, നിഖില വിമല്‍, സിതാര കൃഷ്ണകുമാര്‍, സുധീര്‍ കരമന, ബി. രാഗേഷ് എന്നിവരടക്കം 26 അംഗങ്ങളാണുള്ളത്. പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്.
പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതിന് പിന്നാലെ, 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. നാളെ നടക്കേണ്ടിയിരുന്ന പ്രഖ്യാപനം ജൂറി ചെയര്മാന് പ്രകാശ് രാജിന് ബെംഗളൂരുവിലേക്ക് അടിയന്തരമായി പോകേണ്ടി വന്നതിനാലും, സിനിമകളുടെ സ്ക്രീനിംഗ് പൂര്‍ത്തിയാവാത്തതിനാലും, നിയമസഭാ സമ്മേളനം നടക്കുന്നതിനാലുമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രധാന കാറ്റഗറികളില്‍ ഇത്തവണ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.