ഡാറ്റാ ശേഖരണത്തിന് പുതിയ മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍; നീക്കം സ്പ്രിങ്ക്ളർ വിവാദത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍

സ്പ്രിങ്ക്ളറില്‍ പുതിയ മാർഗ നിർദ്ദേശവുമായി സർക്കാർ. ഡാറ്റ ശേഖരണത്തിന് പുതിയ വ്യവസ്ഥയുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.ഈ മാസം 18-നാണ് ചീഫ്‌സെക്രട്ടറി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നടപടി. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കൊവിഡ് രോഗബാധിതരുടെ സ്വകാര്യവിവരങ്ങള്‍ വരെ അടങ്ങിയ ഡാറ്റ കൈമാറുന്നതില്‍ അഴിമതിയും തട്ടിപ്പും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് കൊണ്ട് വന്നിരുന്നു. സര്‍ക്കാരിന്‍റെ വഴിവിട്ട നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി സര്‍ക്കാരിന് നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന എല്ലാ വിവരങ്ങളും 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന് അനുസൃതമായിരിക്കണം. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ വ്യക്തിയുടെ സമ്മതപത്രം ശേഖരിക്കണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് ശേഖരിക്കുന്ന വിവരങ്ങളില്‍ വ്യക്തിയുടെ വിവരങ്ങള്‍ മറച്ചുവെക്കണം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരും മൂന്നാം കക്ഷിയുമായി നടത്തുന്ന കരാറുകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ബാധയോടനുബന്ധിച്ചുണ്ടാക്കിയ വ്യക്തമാക്കാത്ത മുന്‍കാല കരാറുകള്‍ക്കും ബാധകമായിരിക്കുമെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. വ്യക്തികളില്‍ നിന്ന് ഭാവിയിലും വിവരശേഖരണം നടത്തുമ്പോള്‍ നിര്‍ബന്ധമായും സമ്മതപത്രം നേടിയിരിക്കണം. അതിനായി കൃത്യവും വ്യക്തവുമായ രേഖകളില്‍ അവ ശേഖരിക്കണമെന്ന് പുതിയ സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഡാറ്റാ ശേഖരണം നടത്തുമ്പോള്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള ഫോമുകളിലായിരിക്കണം വിവരങ്ങള്‍ ശേഖരിക്കേണ്ടത്.

ഡാറ്റാ ശേഖരിക്കുന്നത് എന്ത് ഉദ്ദേശത്തോടുകൂടിയാണോ, മറിച്ച് ഈ കാര്യത്തിനല്ലാതെ മറ്റൊരു കാര്യങ്ങള്‍ക്കുമായി ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. സംസ്ഥാന സര്‍ക്കാരിന്‍റെ ഡാറ്റാ സെന്‍ററില്‍ മാത്രമേ ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ. അഥവാ ക്ലൗഡിലാണ് ഇവ ശേഖരിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ക്ലൗഡ് പ്രൊവൈഡറില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Comments (0)
Add Comment