ബഹ്റൈനില്‍ ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റിനു പുതിയ വ്യവസ്ഥ : തൊഴില്‍ മേഖലകളില്‍ പ്രഥമ പരിഗണന ഇനി സ്വദേശികള്‍ക്ക് ; വിദേശ തൊഴിലാളി ചൂഷണം ഇല്ലാതാകും

ബഹ്റൈന്‍ : സ്‌പോണ്‍സര്‍ ഇല്ലാതെ ജോലി ചെയ്യുവാന്‍ സാധിക്കുന്ന ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ് എന്ന, നിലവിലെ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ബഹ്‌റൈന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, എല്ലാ തൊഴില്‍ മേഖലകളിലും പ്രഥമ പരിഗണന ഇനി സ്വദേശികള്‍ക്ക് നല്‍കും. കൂടാതെ, വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും പുതിയ നിയമം വഴി ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ബഹ്‌റൈന്‍ കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ യുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് ഷൂറ കൗണ്‍സിലും പാര്‍ലമെന്‍റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഫ്‌ളെക്‌സി വിസയുള്ളവരെ അവര്‍ക്ക് അനുവദിച്ച മേഖലയില്‍ മാത്രമേ ജോലി ചെയ്യിപ്പിക്കുവാന്‍ പാടുള്ളു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. ഫ്ളക്‌സി വിസയ്ക്കായി അപേക്ഷിച്ചവര്‍ അത് ലഭിച്ചതിനു ശേഷം മാത്രമേ ജോലി ചെയ്യുവാന്‍ പാടുള്ളു. പുതിയ വ്യവസ്ഥകളുടെ നടത്തിപ്പിനായി ബന്ധപ്പെട്ട പ്രതിനിധികള്‍ അടങ്ങുന്ന സമിതിയെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Comments (0)
Add Comment